പൗരത്വ സമരക്കാരെ കള്ള കേസുകളിൽ കുടുക്കി ഡൽഹി പോലീസ്

കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം കാട്ടുനീതി തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ന് കീഴിലുള്ള. എന്‍.ഐ.എയും ഡല്‍ഹി പൊലീസും ബി.ജെ.പി നിയന്ത്രിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ നീതിന്യായ രംഗത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. കോവിഡ് മഹാമാരിക്കെതിരെ രാജ്യമൊന്നാകെ പൊരുതുമ്പോള്‍, ഇതിന്റെ മറവില്‍ എതിരാളികളെ വേട്ടയാടുന്നത് ഭരണകൂട ഭീകരതയാണ്. പൗരത്വ നിയമ ഭേദഗതി (സി.എ.എ) ക്കെതിരായി രാജ്യമെമ്പാടും അലയടിച്ച അമര്‍ഷ പ്രകടനത്തില്‍ അണിനിരന്ന വിദ്യാത്ഥികളേയും സാമൂഹ്യ പ്രവര്‍ത്തകരേയും നേതാക്കളേയും
ഒന്നൊന്നായി അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്.

അതേ സമയം ഡൽഹിയിൽ നടന്ന കലാപത്തിന്റെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെല്ലാം ഒഴിവാക്കി. ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 25 വരെ നടന്ന വിവിധ സംഭവങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കപില്‍ മിശ്ര അടക്കമുള്ള നേതാക്കള്‍ വംശീയാതിക്രമത്തിന് കാരണമാകുംവിധം നടത്തിയ പ്രകോപന പ്രസം​ഗങ്ങളെ കുറിച്ചൊന്നും പറയുന്നില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകരുടെയും ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെയും വിശദമായ വിവരങ്ങള്‍ 2000ത്തോളം വാക്കുകളിലായി പരാമര്‍ശിച്ച കുറ്റപത്രത്തിൽ നിന്നാണ് ബിജെപി- സംഘപരിവാർ നേതാക്കളെ ഒഴിവാക്കിയത്. കപില്‍ മിശ്രയുടേതുള്‍പ്പെടെയുള്ള സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിനു വഴിവച്ചതെന്നിരിക്കെയാണ് പൊലീസിന്റെ സഹായം. വംശീയാതിക്രമ സമയത്ത് പൊലീസും സംഘപരിവാർ പ്രവർത്തകർക്കൊപ്പം പങ്കാളികളായിരുന്നു. അക്രമികള്‍ക്കൊപ്പം നിന്ന ഡല്‍ഹി പൊലീസ് മുസ്ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെ വൻ വിമർശനവും പ്രതിഷേധവും ഉണ്ടായിട്ടും ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസു പോലും എടുക്കാതെ സംരക്ഷിച്ച ഡൽഹി പൊലീസാണ് ഇപ്പോൾ കുറ്റപത്രത്തിൽ നിന്നും പൂർണമായും അവരെ ഒഴിവാക്കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്കു നേരെ സംഘപരിവാർ അക്രമികൾ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം അരങ്ങേറിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാ​ഗവും മുസ്ലിംകളായിരുന്നു. പൗരത്വ പ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു വംശീയാതിക്രമം ആസൂത്രണം ചെയ്തു നടപ്പാക്കിയത്.

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നയിച്ച ഗവേഷക വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗര്‍ തിഹാര്‍ ജയിലില്‍ ഏകാന്ത തടവിലാണ്. നാല് മാസം ഗര്‍ഭിണിയായ സഫൂറയ്ക്ക് കോടതി മൂന്നാം തവണയും ജാമ്യം നിഷേധിച്ചു. നീതിക്ക് പകരം സര്‍ക്കാറിന്റെ നിരര്‍ത്ഥകവാദം പരിഗണിക്കുകയാണ് കോടതി ആദ്യം പൊലീസ് സാധാരണ കേസ് എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് യു.എ.പി.എ ചുമത്തി ജാമ്യത്തിനുള്ള സാധ്യത അടച്ച് കൊണ്ടാണ് മനുഷ്യത്വരഹിതമായ നീതി നിഷേധം. നിരവധി വിദ്യാര്‍ത്ഥികളും തിഹാര്‍ ജയിലില്‍ കഴിയുന്നു. കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഡല്‍ഹി പോലീസ് സമീപനം. ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് ഇവര്‍ക്ക് എതിരെ ആരോപണം. ഇരയെ വേട്ടക്കാരന്‍ ആക്കുന്ന തന്ത്രം ഡല്‍ഹി പൊലീസ് ഇസ്‌റാഈലില്‍ നിന്ന് സ്വീകരിച്ചതാകണം.

Leave a Reply

Your email address will not be published. Required fields are marked *